മഴക്കാലപൂർവ ശുചീകരണം: പൂമംഗലം പഞ്ചായത്തിൽ 14 വാർഡുകളിലായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

June 29, 2026

മഴക്കാലപൂർവ ശുചീകരണം: പൂമംഗലം പഞ്ചായത്തിൽ 14 വാർഡുകളിലായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

പൂമംഗലം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 14 വാർഡുകളിലായി വിപുലമായ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഓരോ വാർഡിനും പ്രത്യേകം ഗ്രൂപ്പുകൾ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ഓടകൾ, ജലാശയ പരിസരങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുകയും മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ക്ലീനിങ് ഡ്രൈവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കവിത സുരേഷിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.എസ്. തമ്പി നിർവഹിച്ചു. മഴക്കാല രോഗങ്ങൾ തടയുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ശുചിത്വവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്ലീനിങ് ഡ്രൈവിൽ ജനപ്രതിനിധികൾ, വിവിധ സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കാളികളായി.

മഴക്കാലപൂർവ ശുചീകരണം: പൂമംഗലം പഞ്ചായത്തിൽ 14 വാർഡുകളിലായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു