പഞ്ചായത്ത് ചരിത്രം

📜 പൂമംഗലം ഗ്രാമപഞ്ചായത്ത് ചരിത്രം

ഗ്രാമാഭിവൃദ്ധിയുടെയും സംസ്കാരത്തിന്റെയും ചരിത്രവഴികൾ

🏛️ പേരിനു പിന്നിലെ ചരിത്രവും ഐതിഹ്യവും

പഴയ കൊച്ചി നിയമസഭയിലെ ഒരു മണ്ഡലമായിരുന്നു പൂമംഗലം. കൊടുങ്ങല്ലൂര്‍ തുറമുഖം കേന്ദ്രമാക്കി മണ്‍പാത്രങ്ങള്‍ വിപണനം ചെയ്തിരുന്ന കുംഭാരന്മാരുടെ ആവാസകേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം. ഇവിടെയുണ്ടാക്കിയിരുന്ന മണ്‍കലങ്ങളില്‍ കൊത്തിവച്ചിരുന്ന പൂക്കള്‍ അതിമനോഹരങ്ങളായിരുന്നു. 'പൂമണ്‍കലം' എന്നത് ലോപിച്ചാണ് പിന്നീട് പൂമംഗലമായി മാറിയത്.

🛕 പ്രധാന ആരാധനാലയങ്ങളും പുരാതന ചരിത്രവും

108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ വെള്ളിത്തട്ടഴകൊത്ത ഭഗവതിക്ഷേത്രമായ ഏലമ്പലക്കാട്ട് ക്ഷേത്രം, ഏക ശത്രുഘ്നക്ഷേത്രമെന്ന ഖ്യാതിയുള്ള പായമ്മല്‍ ക്ഷേത്രം, പതിയംകുളങ്ങര ക്ഷേത്രം, ആധുനികരീതിയില്‍ പണിതീര്‍ത്ത ഐക്കരക്കുന്നിലെ സെന്റ് ആന്റണീസ് പള്ളി, അരിപ്പാലത്തെ തിരുഹൃദയപള്ളി (സെമിനാരി), പൌരാണിക ഹൈന്ദവക്ഷേത്രങ്ങളുടേതു പോലെയുള്ള വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ച കല്‍പറമ്പ് പള്ളി എന്നിവ ഈ ഗ്രാമത്തിന്റെ പഴയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നവര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി തീര്‍ത്ത കൊട്ടിലുകള്‍ ഇന്ന് കുടുംബക്ഷേത്രങ്ങളായി രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.

🌾 സാമൂഹ്യ മാറ്റങ്ങളും കർഷക പ്രക്ഷോഭങ്ങളും

പുരാതനകാലം മുതല്‍ ഇവിടുത്തെ കൃഷിഭൂമിയില്‍ ഏറിയ പങ്കും നെല്‍പ്പാടങ്ങളായിരുന്നു. ഭൂരിഭാഗം ഭൂമിയും കുറച്ചു ജന്മികുടുംബങ്ങൾ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. കാര്‍ഷികവൃത്തിയില്‍ മാത്രം മുഴുകിയിരുന്ന ഒരു ജനത മറ്റു മേഖലകളിലേക്കു തിരിഞ്ഞതോടെ പരമ്പരാഗത ആചാരങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും തുയിലുണര്‍ത്തുപാട്ട്, ഉടുക്കുപാട്ട്, നന്തൂണിപ്പാട്ട്, ഐവര്‍കളി, കോല്‍ക്കളി, കുതിരകളി, ദാരികന്‍കളി തുടങ്ങിയ നാടന്‍വിനോദങ്ങൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.

കേരളത്തിലുടനീളം നാവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരവുമുയര്‍ത്തിയ പുത്തനുണര്‍വ്വ് ഈ ഗ്രാമത്തിലും വലിയ ചലനമുണ്ടാക്കി. 1950-കള്‍ വരെ നിലനിന്നിരുന്ന ജന്മിത്തത്തിനെതിരെ കര്‍ഷകത്തൊഴിലാളികളും കുടിയാന്മാരും ഇവിടെയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

🎓 വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടം

കല്‍പറമ്പിലെ ക്രിസ്ത്യന്‍പള്ളി വകയായി കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ക്രിസ്തുവര്‍ഷം 1909-ല്‍ ഈ സ്കൂള്‍ സര്‍ക്കാരിന് ഏല്പിക്കുകയും ജെ.ബി.എസ് വടക്കുംകര എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ന് ജി.യു.പി സ്കൂള്‍ കല്‍പറമ്പ് എന്നറിയപ്പെടുന്ന ഈ സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഏക സര്‍ക്കാര്‍ സ്കൂളും.

1919-ല്‍ എടക്കുളം പള്ളി വകയായി എടക്കുളം സെന്റ് മേരീസ് എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. എടക്കുളത്ത് എസ്.കെ.വി.എല്‍.പി സ്കൂള്‍, എസ്.എന്‍.ജി.എസ്.എസ്.യൂ.പി.സ്കൂള്‍, അരിപ്പാലത്ത് എ.എം.എല്‍.പി.സ്കൂള്‍ എന്നിവയും സ്ഥാപിക്കപ്പെട്ടു. 1942-ല്‍ കല്‍പറമ്പ് ക്രിസ്ത്യന്‍പള്ളി ബി.വി.എം.യു.പി സ്കൂള്‍ സ്ഥാപിക്കുകയും 1947-ല്‍ ഇത് ഹൈസ്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. 1950-ലെ ആദ്യബാച്ചിലെ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഈ സ്കൂളിന് 100% വിജയം നേടികൊടുത്തു. 1977-ല്‍ പൂമംഗലം പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം അരിപ്പാലത്ത് വിദ്യാജ്യോതി ഇംഗ്ളീഷ് മീഡിയം യു.പി സ്കൂള്‍, കല്പറമ്പില്‍ ഹോളി ക്രോസ് കോണ്‍വെന്റ് എല്‍.പി.സ്കൂള്‍ എന്നീ അണ്‍ എയിഡഡ് സ്കൂളുകളും നിലവിൽ വന്നു.

📚 ഗ്രന്ഥശാലകളും കലാസമിതികളും

പഞ്ചായത്തിന്റെ സാംസ്കാരികവളര്‍ച്ചയില്‍ ഗ്രാമീണവായനശാലകളും ലൈബ്രറികളും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്നു നിലവിലില്ലാത്ത എടക്കുളം ഗ്രാമീണവായനശാലയും അരിപ്പാലത്തെ ജയ്ഹിന്ദ് ഗ്രന്ഥശാലയുമായിരുന്നു ആദ്യത്തെ പ്രധാനപ്പെട്ട വായനാകേന്ദ്രങ്ങള്‍. 1950-കളില്‍ സാമൂഹ്യമാറ്റത്തിനു വഴിയൊരുക്കുന്ന നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ച എടക്കുളം കലാസമിതി, അരിപ്പാലം കൈരളി തിയറ്റേഴ്സ് തുടങ്ങി ഒട്ടനവധി കലാസമിതികൾ ഇവിടുത്തെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു.