ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കൊച്ചിനിയമസഭയിലെ ഒരു മണ്ഡലമായിരുന്നു പൂമംഗലം.കൊടുങ്ങല്ലൂര്‍ തുറമുഖം കേന്ദ്രമാക്കി മണ്‍പാത്രങ്ങള്‍ വിപണനം ചെയ്തിരുന്ന കുംഭാരന്മാരുടെ ആവാസകേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം. ഇവിടെയുണ്ടാക്കിയിരുന്ന മണ്‍കലങ്ങളില്‍ കൊത്തിവച്ചിരുന്ന പൂക്കള്‍ അതിമനോഹരങ്ങളായിരുന്നു. പൂമണ്‍കലം ലോപിച്ച് പിന്നീട് പൂമംഗലമായി. 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഇവിടെയുള്ള വെള്ളിത്തട്ടഴകൊത്ത ഭഗവതിക്ഷേത്രമായ ഏലമ്പലക്കാട്ട് ക്ഷേത്രവും, ഏക ശത്രുഘ്നക്ഷേത്രമെന്ന ഖ്യാതിയുള്ള പായമ്മല്‍ ക്ഷേത്രവും, പൌരാണിക ഹൈന്ദവക്ഷേത്രങ്ങളുടേതു പോലെയുള്ള വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ച കല്‍പറമ്പ് പള്ളിയും ഈ ഗ്രാമത്തിന്റെ പഴയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. കാര്‍ഷികവൃത്തിയില്‍ മാത്രം മുഴുകിയിരുന്ന ഒരു ജനത മറ്റു മേഖലകളിലേക്കു തിരിഞ്ഞതോടെ ഓരോ വിഭാഗത്തിന്റേയും സമ്പന്നമായ പരമ്പരാഗത സാംസ്കാരികപൈതൃകങ്ങളും പഴയ ആചാരങ്ങളും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ കലകള്‍ തനതുരൂപത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില വ്യക്തികള്‍ ഈ പഞ്ചായത്തിലുണ്ട്. പുരാതനകാലം മുതല്‍ ഇവിടുത്തെ കൃഷിഭൂമിയില്‍ ഏറിയ പങ്കും നെല്‍പ്പാടങ്ങളായിരുന്നു. ഭൂരിഭാഗം ഭൂമിയും കുറച്ച് ജന്മികുടുംബങ്ങള്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. കേരളത്തിലുടനീളം നാവോത്ഥാന പ്രസ്ഥാനങ്ങളും, സ്വാതന്ത്ര്യസമരവുമുയര്ത്തിയ പുത്തനുണര്‍വ്വ് ഈ ഗ്രാമത്തിലും ചലനമുണ്ടാക്കി. വിജ്ഞാനത്തിനും വിമോചനത്തിനുമുള്ള ഉള്‍ക്കടമായ അഭിവാഞ്ച ഒരു പൊതുവികാരമായിമാറി. 1950-കള്‍ വരെ കേരളത്തിന്റെ പൊതു സ്വഭാവമായിരുന്ന ജന്മിത്തത്തിനെതിരെ കര്‍ഷകത്തൊഴിലാളികളും കുടിയാന്മാരും ഈ ഗ്രാമത്തിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കല്‍പറമ്പിലെ ക്രിസ്ത്യന്‍പള്ളി വിദ്യാഭ്യാസരംഗത്ത് ആദ്യത്തെ ചുവടുവെച്ചു. പിന്നീട് സര്‍ക്കാരിന് ആ സ്ക്കൂള്‍ വിട്ടുകൊടുത്തുകൊണ്ട് പള്ളി തന്നെ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കല്‍പറമ്പ് ക്രിസ്ത്യന്‍പള്ളി വകയായി ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ക്രിസ്തുവര്‍ഷം 1909-ല്‍ ഈ സ്കൂള്‍ സര്‍ക്കാരിനെ ഏല്പിക്കുകയും ജെ.ബി.എസ് വടക്കുംകര എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ന് ജി.യു.പി സ്കൂള്‍ കല്‍പറമ്പ് എന്നറിയപ്പെടുന്ന ഈ സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളും. 1919-ല്‍ എടക്കുളം പള്ളി വകയായി എടക്കുളം സെന്റ് മേരീസ് എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. എടക്കുളത്ത് എസ്.കെ.വി.എല്‍.പി സ്കൂള്‍, എസ്.എന്‍.ജി.എസ്.എസ്.യൂ.പി.സ്കൂള്‍, അരിപ്പാലത്ത് എ.എം.എല്‍.പി.സ്കൂള്‍ എന്നിവ സ്ഥാപിക്കപ്പെട്ടതോടെ പ്രൈമറിവിദ്യാഭ്യാസരംഗത്ത് ഏറെക്കുറെ സൌകര്യമായി. 1942-ല്‍ കല്‍പറമ്പ് ക്രിസ്ത്യന്‍പള്ളി ബി.വി.എം.യു.പി സ്കൂള്‍ സ്ഥാപിച്ചു. 1947-ല്‍ ഇത് ഹൈസ്കൂളാക്കി ഉയര്‍ത്തിയതോടെ പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചുതുടങ്ങി. 1950-ലെ ആദ്യബാച്ചിലെ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഈ സ്കൂളിന് നൂറ് ശതമാനം വിജയം നേടികൊടുത്തു. 1977-ല്‍ പൂമംഗലം പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം അരിപ്പാലത്ത് വിദ്യാജ്യോതി ഇംഗ്ളീഷ് മീഡിയം യു.പി സ്കൂള്‍, കല്പറമ്പില് ഹോളി ക്രോസ് കോണ്‍വെന്റ് എല്‍.പി.സ്കൂള്‍ എന്നീ രണ്ട് അണ്‍ എയിഡഡ് സ്കൂളുകള്‍ കൂടി സ്ഥാപിച്ചു. പായമ്മല്‍ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ ശത്രുഘ്നക്ഷേത്രം, നൂറ്റിയെട്ടു ദൂര്‍ഗ്ഗാക്ഷേത്രങ്ങളിലൊന്നായ വെള്ളിത്തട്ടില്‍ (ഏലമ്പലക്കാട്ട) ക്ഷേത്രം, പതിയംകുളങ്ങര ക്ഷേത്രം, കല്‍പറമ്പ് പള്ളി, ആധുനികരീതിയില്‍ പണിതീര്‍ത്ത ഐക്കരക്കുന്നിലെ സെന്റ് ആന്റണീസ് പള്ളി, അരിപ്പാലത്തെ തിരുഹൃദയപള്ളി(സെമിനാരി) തുടങ്ങിയവയാണ് പൂമംഗലത്തെ പ്രധാന ആരാധനാലയങ്ങള്‍. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്നവര്‍ തങ്ങളുടെ ആചാരനുഷ്ഠാനങ്ങള്‍ക്കുവേണ്ടി തീര്‍ത്ത കൊട്ടിലുകള്‍ ഇന്ന് കുടുംബക്ഷേത്രങ്ങളായി രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. തുയിലുണര്‍ത്തുപാട്ട്, ഉടുക്കുപാട്ട്, നന്തൂണിപ്പാട്ട്, ഐവര്‍കളി, കോല്‍ക്കളി, കുതിരകളി, ദാരികന്‍കളി തുടങ്ങിയ നാടന്‍വിനോദങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. പഞ്ചായത്തിന്റെ സാംസ്കാരികവളര്‍ച്ചയില്‍ ഗ്രാമീണവായനശാലകളും ലൈബ്രറികളും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്നു നിലവിലില്ലാത്ത എടക്കുളം ഗ്രാമീണവായനശാലയും അരിപ്പാലത്തെ ജയ്ഹിന്ദ് ഗ്രന്ഥശാലയുമായിരുന്നു ആദ്യത്തെ പ്രധാനപ്പെട്ട വായനാകേന്ദ്രങ്ങള്‍.1950-കളില്‍ സാമൂഹ്യമാറ്റത്തിനു വഴിയൊരുക്കുന്ന നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ച എടക്കുളം കലാസമിതി, അരിപ്പാലം കൈരളി തിയറ്റേഴ്സ് തുടങ്ങി ഒട്ടനവധി കലാസമിതികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു