പൂമംഗലം ഗ്രാമപഞ്ചായത്ത് ആകർഷകമായി പ്രവേശനോത്സവം നടത്തി
June 1, 2026
ഗവൺമെൻറ് യുപിഎസ് വടക്കുംകരയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പ്രവേശനോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയത്തിലെ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളും നവാഗതരും വേദിയിലേക്ക് എത്തി . പൂമംഗലം ഗ്രാമപഞ്ചായത്ത്പ്രസിഡൻറ് ശ്രീ കെ എസ് തമ്പി അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സമസ്യ മുരളി നവാഗതർക്ക് പൂക്കൾ നൽകി സ്വീകരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഷിനി പി എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ, പഞ്ചായത്തിലെ തന്നെ ഏറ്റവും അധികം എൽഎസ്എസ് വിജയം നേടിയ വിദ്യാലയം പ്രത്യേകം പരാമർശിക്കപ്പെട്ടു.എൽഎസ്എസ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പഠനോപകരണ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി കവിത സുരേഷ്,പാഠപുസ്തക വിതരണ ഉദ്ഘാടനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജിസ്ന ഫ്രാൻസിസ് ,യൂണിഫോം വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ജൂലി ജോയ് എന്നിവർ നടത്തി. വിദ്യാലയത്തിലെ കോഡിനേറ്റർ ആയ അസീജ ടീച്ചർ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാഗതർക്ക് ആശംസകൾ അർപ്പിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രഞ്ജിനി ടീച്ചർ, സിരീഷ, രാധാകൃഷ്ണൻ എം എ ( പി ടി എ പ്രസിഡൻ്റ്) , ഷാജു പി കെ (എസ് എം സി ചെയർമാൻ ) , ധന്യ ഉണ്ണിക്കഷ്ണൻ (എം പി ടി എ പ്രസിഡൻ്റ് ) , മാസ്റ്റർ ധ്യാൻ സിദ്ധാർത്ഥ് ( സ്കൂൾ ലീഡർ) , സുനേഷ് ടി എസ് (പി ടി എ വൈസ്പ്രസിഡൻറ്)എന്നിവർ സംസാരിച്ചു.വിദ്യാലയത്തിലേക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികൾ. മരുന്നുകൾ എന്നിവ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിലെ ഡോ. രജിത , പ്രധാന അധ്യാപികയ്ക്ക് കൈമാറി . ജോയ് ആലുക്കാസ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ലെവിൻ യോഗത്തിൽ പങ്കെടുക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകുകയും ചെയ്തു. വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച ഏറോബിക്സ് യോഗത്തിന്റെ മാറ്റ് കൂട്ടി. സ്റ്റാഫ് സെക്രട്ടറി ലാലി ടീച്ചർ നന്ദി പറഞ്ഞു.